എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു അറബ് ഗ്രാമം

നിങ്ങൾക്ക് പ്രേതത്തിൽ വിശ്വാസമുണ്ടോ? വിശ്വാസം ഇല്ലെങ്കിലും അങ്ങനെയൊരു നെഗറ്റീവ് ശക്തി ഉണ്ടെന്നു കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗമാളുകളും. പ്രേതവും യക്ഷിയുമൊക്കെ നമ്മുടെ നാട്ടിലും പിന്നെ ഇംഗ്ലീഷ് സിനിമകളിലും മാത്രമല്ല ഉള്ളത്, അങ്ങ് അറബിനാടുകളിലും ഉണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായ ഉദാഹരണമാണ് UAE യിലെ റാസൽഖൈമ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽജസീറ അൽഹംറ എന്ന ഗ്രാമം. നിശബ്ദതയുടെയും കടൽക്കാറ്റിന്റെയും കൂട്ടുപിടിച്ച് എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഒരു ഗ്രാമം.

റാസൽഖൈമയിൽ നിന്നും ഏകദേശം 30 കിലോമീറ്ററോളം മാറി തീരപ്രദേശത്താണ് ഈ പ്രേതഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രേതമുണ്ടോ ഇല്ലയോ എന്നത് അറിയില്ലെങ്കിലും, ഇവിടെ ഒരുകാലത്ത് ആളുകൾ വസിച്ചിരുന്ന സ്ഥലമായിരുന്നു എന്നതിന്റെ തെളിവുകൾ ധാരാളമുണ്ട്.

എന്താണ് ഇവിടത്തെ ഗ്രാമവാസികൾക്ക് സംഭവിച്ചത്? അവർ എവിടേക്ക് പോയി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിഞ്ഞിടത്തോളം ഇങ്ങനെയാണ്. ഏകദേശം 1960 കൾ വരെ ഈ ഗ്രാമത്തിൽ ആളുകൾ ജീവിച്ചിരുന്നു. മീൻപിടിച്ചും കടലിൽ നിന്നും മുത്തും ചിപ്പിയുമൊക്കെ വാരിയുമായിരുന്നു ഇവിടത്തുകാർ ജീവിച്ചിരുന്നത്. പണ്ട് ഇവിടം വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ടൈഡൽ ഐലൻഡ് ആയിരുന്നത്രേ .അങ്ങനെയാണ് ഇതിന് അൽ-ജസീറത്ത് അൽ ഹംറ അഥവാ ചുവന്ന ദ്വീപ് എന്ന പേര് ലഭിച്ചത്.

1960 കളുടെ അവസാനത്തോടെ ഇവിടത്തുകാർ അബുദാബിയുടെ പലഭാഗങ്ങളിലേക്കും ചേക്കേറിപ്പോയി എന്നാണ് പറയപ്പെടുന്നത്. എന്നാൽ ചിലർ പറയുന്നത് പ്രേതത്തിന്റെ സാന്നിധ്യമുള്ളതിനാലാണ് അവിടത്തുകാർ വീടും നാടും ഉപേക്ഷിച്ചു പോയതെന്നാണ്. എന്തായാലും ഇവിടെ ജീവിച്ചിരുന്നവർ പോയതോടുകൂടി ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ട നിലയിലായി.

വിജനമായ, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ ഗ്രാമത്തിൽ പ്രേതങ്ങളുടെ സാന്നിധ്യമുണ്ടെന്ന് ആരൊക്കെയോ വ്യാപകമായി പ്രചരിപ്പിച്ചു. അതോടെ ഇവിടം ഒരു പ്രേതനഗരമായി അറിയപ്പെടാൻ തുടങ്ങി. രാത്രികാലങ്ങളിൽ ആരും ഇവിടേക്ക് വരാതായി. കാര്യം പ്രേതകഥകളൊക്കെ വെറും കെട്ടുകഥകളാണെങ്കിലും വല്ലാത്തൊരു ഭീതിജനകമായ അന്തരീക്ഷമാണ് ഇവിടെയെത്തുന്നവർക്ക് അനുഭവപ്പെടുക. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ.

ഇവിടത്തെ വീടുകൾ, പള്ളി, സ്‌കൂൾ തുടങ്ങിയവ പകുതി നശിച്ച നിലയിലാണ് ഇന്ന്. ചില ഭിത്തികളിലൊക്കെ അറബിയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ചില സ്ഥലങ്ങളിലൊക്കെ നമുക്ക് കടന്നു ചെല്ലാൻ കഴിയാത്ത വിധം കല്ലുകളും മണലുകളും കൂമ്പാരമായിക്കിടക്കുന്നു.

എന്തായാലും റാസൽഖൈമയിൽ വരുന്നവർക്ക് ഒന്ന് സന്ദർശിക്കാവുന്ന ഒരു കിടിലൻ സ്ഥലമാണ് അൽജസീറ അൽഹംറ എന്നയീ പ്രേതഗ്രാമം. വരുന്നവർ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, വരുന്നത് നിങ്ങളുടെ സ്വന്തം റിസ്‌ക്കിൽ ആയിരിക്കണം. അവിടെ വല്ല പൂച്ചയേയോ മറ്റോ കണ്ടു പേടിച്ചു പണിവാങ്ങരുത്.

About Prasanth Paravoor

View all posts by Prasanth Paravoor →

Leave a Reply

Your email address will not be published. Required fields are marked *