Christopher Columbus

ക്രിസ്റ്റഫർ കൊളംബസ്; അമേരിക്ക കണ്ടുപിടിച്ച ലോകസഞ്ചാരി

by June 15, 2020

യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഭൂവിഭാഗങ്ങളെ, പ്രത്യേകിച്ച് അമേരിക്കൻ ഭൂഖണ്ഡങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച സാഹസികനായ ഇറ്റാലിയൻ കടൽ സഞ്ചാരിയാണ്‌ ക്രിസ്റ്റഫർ കൊളംബസ്. അമേരിക്ക കണ്ടെത്തിയ ആദ്യ യൂറോപ്യൻ എന്ന വിശേഷണം അദ്ദേഹത്തിനു സ്വന്തമല്ലെങ്കിലും, യൂറേഷ്യൻ-അമേരിക്കൻ പ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കവും വാണിജ്യബന്ധങ്ങളും ശക്തിപ്പെടുത്താൻ അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയുള്ള അദ്ദേഹത്തിന്റെ യാത്രകൾ സഹായിച്ചു.

1451 ഓഗസ്റ്റ് 25നും-ഒക്ടോബർ 31-നും ഇടയ്ക്ക്, ഇന്നത്തെ ഇറ്റലിയുടെ ഭാഗമായ ജനോവയിലാണ്‌ അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ലഭ്യമായ വിവരങ്ങൾ വച്ചുള്ള അനുമാനം.കമ്പിളി നെയ്ത്തുകാരനായിരുന്ന ഡൊമെനികോ കൊളംബോയും പൊർചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഒരു അഭിജാത കുടുംബാംഗമായിരുന്ന സൂസന്ന ഫൊണ്ടാനറോസ്സയുമായിരുന്നു ക്രിസ്റ്റഫർ കൊളംബസിൻ്റെ മാതാപിതാക്കൾ.

അദ്ദേഹത്തിന്റെ ആദ്യകാലജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. താൻ പത്താം വയസ്സിൽ കപ്പൽ യാത്ര ചെയ്തിരുന്നു എന്ന് കൊളംബസ് അദ്ദേഹത്തിന്റെ ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. 1470-ൽ പിതാവിന്റെ തൊഴിൽ പരമായ കാരണങ്ങളാൽ അദ്ദേഹം കുടുംബത്തോടൊപ്പം സവോനയിലേയ്ക്കു പോയപ്പോഴായിരുന്നു അത്. ആറു വർഷത്തോളം കൊളംബസ് അച്ഛ്റെ കൂടെ ജോലി ചെയ്തു.

തുടർന്ന് 1476-ൽ വെല്ലുവിളികൾ നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് സ്വന്തം ജീവിതപ്പാത സ്വയം കണ്ടെത്താനായി ഇറങ്ങിത്തിരിക്കുകയും ചെയ്തു. അക്കാലത്താണ് ഫിലിപ്പ പെരെസ്ട്രൊലൊയുമായി അദ്ദേഹം പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് അധികമാകുന്നതിനുമുമ്പ് ഫിലിപ്പ പുത്രജനനത്തോടെ അകാലചരമമടഞ്ഞു. 1484 ൽ അദ്ദേഹം ഏഷ്യയിലേക്കു ഒരു പുതിയ കടൽമാർഗ്ഗം കണ്ടെത്താൻ ഒരു സാഹസികയാത്ര സംഘടിപ്പിക്കാൻ ധനസഹായത്തിനായി പോർചുഗലിലെ രാജാവിനെ സമീപിച്ചു. രാജാവ് പക്ഷേ വഴങ്ങിയില്ല.

തുടർന്നാണ് അദ്ദേഹം സ്പെയിനിലേക്കു പോയതും അവിടത്തെ രാജവ് ഫെർഡിനാന്റിനേയും രാജ്ഞി ഇസബെല്ലയേയും കാണുന്നതും. ജറുസലെമിലെക്ക് ഒരു ഒരു കുരിശുയുദ്ധം നയിക്കാനാവശ്യമായ ധനം സ്വർണ്ണമായി തന്റെ യാത്രകളിൽ നിന്ന് സ്വരൂപിക്കാമെന്ന് ഇസബെല്ല രാജ്ഞിയെ ബോദ്ധ്യപ്പെടുത്തിയതോടെ കൊളംബസ്സിന്ന് രാജാവിൽനിന്ന് ആവശ്യമായ പണം കിട്ടി. അങ്ങനെ അദ്ദേഹം അത്‌ലാന്റിക് സമുദ്രത്തിലൂടെ നാലുതവണ യാത്രചെയ്തു.

1492-ൽ ആയിരുന്നു ആദ്യയാത്ര. ഇന്ത്യയിലെത്താനായിരുന്നു ശ്രമമെങ്കിലും എത്തിപ്പെട്ടത് ബഹമാസ് ദ്വീപിലായിരുന്നു. തെക്കേ അമേരിക്കയിലെത്തിപ്പെട്ട അദ്ദേഹം തന്റെ അവസാനകാലം വരെ കരുതിയിരുന്നത് താൻ ഇന്ത്യയിലാണ് എത്തിയതെന്നായിരുന്നു. ക്രിസ്തുമതപ്രചരണമാണ് അദ്ദേഹം പ്രധാനമായും തന്റെ യാത്രകളിലൂടെ ഉദ്ദേശിച്ചിരുന്നത്. കൂട്ടത്തിൽ ഒരു ധനവാനാകണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നു. താൻ കണ്ടെത്തിയ ദേശങ്ങളുടെ ഗവർണറായി സ്പെയിൻ രാജാവ് അദ്ദേഹത്തെ നിയമിച്ചിരുന്നു. പിൽക്കാലത്ത് അദ്ദേഹം രാജാവുമായി തെറ്റിപ്പിരിഞ്ഞപ്പോൾ ഗവർണർ സ്ഥാനം നഷ്ടപ്പെടുകയും അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.

1506-ൽ മരിക്കുമ്പോൾ അദ്ദേഹം തന്റെ യാത്രകളിൽ നിന്ന് രാജാവിനു കിട്ടിയ സ്വത്തിൽ തനിക്കർഹമായ പങ്കിനുവേണ്ടി കോടതികയറി നടക്കുകയായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൺഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പട്ടികയിലെ 9 ആം സ്ഥാനത്തുള്ളത് കൊളംബസ്സാണ്.

Leave a Reply

Your email address will not be published. Required fields are marked *

Go to top